Sunday, August 22, 2010

പിന്നേം ഒരോണക്കാലം...! :)

മാവേലി തമ്പുരാന്‍ വരണ്ണ്ട്ട്ടാ......ഓണാശംസകള്‍ ! :)
Monday,23 Aug 2010 Emirates EK531 Business Class
Passenger Name : Maveli Thampuran / HisHighness
Depart : COK Arrival: DXB Terminal3 06.00AM
Status : CNFRM

Sunday, May 9, 2010

വയ്ക്കോല്‍കൂനയും രണ്ട് കന്യാസ്ത്രീകളും !

കുട്ടീക്കാലം മുതലേ എനിക്ക് ഭയങ്കര ബുദ്ധിശക്തിയും ‘എല്ലാം‘ കണ്ട്രോള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സിമ്പിള്‍ കഥയിതാ .
കൊറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, എന്ന്വച്ചാ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി....എത്ര്യാങ്ങാണ്ട് കൊല്ലം. അച്ഛനും അമ്മേം , ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ‘റോയല്‍‘ കുടുംബം  തൃശ്ശൂര്  അയ്യന്തോളില്‍ ‘വാടക’ വീട്ടില്‍ താമസിക്കണ കാലം.അനിയത്തി അന്നു ഇത്തിരിയേയുള്ളൂ...ഹും, കുഞ്യ ക്ടാവ്!. പക്ഷേ ഞാന്‍ രണ്ടാം ക്ലാസ്സില് പഠിക്കണ വല്ല്യ ചെക്കനും .
ഞങ്ങടെ ഹൌസ് ഓണറുടേത് ഒരു കര്‍ഷക കുടുംബം ആയിരുന്നു.എനിക്ക് ഇതെങിനെയാ മനസ്സിലായതെന്നു വെച്ചാല്‍ , അവരുടെ വീടിന്റെ ഉമ്മറത്ത് ഒരു വല്ല്യ വയ്ക്കോല്‍കൂന ഇണ്ടാര്‍ന്നൂ , പിന്നെ കൊറെ കോഴികളും . അപ്പൊപ്പിന്നെ , അവര്‍ക്ക് അതായിരിക്കും പണീ..ല്ലേ?
ഈ കോഴികള്‍ നിസ്സാര സങതികളൊന്നുമല്ലാ...ഒരു ജാതി സൈസാ ! എന്തൂട്ടാ ഒരു വലിപ്പം ?  അവരുടെ വീട്ടില്‍ വന്ന ഉടനെ , നോര്‍മ്മലി നാടന്‍ കോഴികളെ കാണുമ്പോള്‍ ചെയ്യണ പോലെ      “ ഒന്നു പേടിപ്പിച്ചുകളയാം !” എന്നു കരുതി , ആദ്യം നിലത്ത് കണ്ട ഒരു വടിയെടുത്ത്   ഞാന്‍ അവറ്റകള്‍ക്കിട്ട് ഒരേറ് കൊടുത്തു .  എല്ലരുടേയും ഒരു കൂട്ടനിലവിളിയും കൂട്ടപ്പറക്കലും പ്രതീക്ഷിച്ച് ഞാന്‍ നോക്കിയപ്പൊ , എല്ലാ പ്രകൃതി  നിയമങ്ങളും തെറ്റിച്ച്  അതിലൊരുത്തന്‍ ദേ എന്റെ നേരെ വരണു! ഓടി അകത്തു കേറി ,അമ്മേടേ പിന്നില്‍ സേഫായി ഒളിച്ചില്ലായിരുന്നെങ്കില്‍ ,  ‘കോഴി കൊത്തിക്കൊന്ന ആ‍ദ്യ മനുഷ്യ ജീവി” എന്ന വിശേഷണം എനിക്കു തന്നെ കിട്ട്യ്യേനേ ..!
  
ഈ സംഭവത്തിനു ശേഷം , എനിക്ക് ഈ ജന്തുക്കളെ പേടിയായി ....ഹോ , സത്യായിട്ടും വെറുത്തുപോയീ ! അതില്‍പ്പിന്നെ , ഈ വക സാധനങ്ങള്‍ മുറ്റത്തുണ്ടെങ്കി ഞാന്‍ ഒറ്റക്ക് പുറത്തിറങ്ങറേയില്ല. എന്തിനാ വെറുതെ ...എന്റെ കൈ കൊണ്ട് അവറ്റകളെ.....!!!
  
     അയ്യന്തോള്‍ ‘നിര്‍മല’ കോണ്വന്റിലായിരുന്നു , എന്റെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം . ടൈയും -കുടയും -ബാഗും-പുസ്തകങ്ങളും, ഈ കോമ്പിനേഷനില്‍ ഞാന്‍ ആകെ ഈ രണ്ടാം ക്ലാസില്‍ മാത്രേ പഠിച്ചിട്ടുള്ളൂ ! “ വേദേശം” ക്ലാസുകളില്‍ നസ്രാണിപ്പിള്ളാരെ കടത്തിവെട്ടി , ‘നായര് ചെക്കനായ‘ ഞാ‍ന്‍  അവിടുത്തെ എന്റെ  ‘മൊട്ടച്ചി’ ( കന്യസ്ത്രീ ) ക്ലാസ് ടീചറെ ഞെട്ടിച്ചു !  വീട്ടിലെ കളര്‍ റ്റിവി., ഫ്രിഡ്ജ് , വല്യ സോഫ , വയ്കോല്‍കൂന , വല്യ കോഴികള്‍ ...എന്നിങ്ങനെ ഞങ്ങടെ ഹൌസോണറുടെ വീട്ടിലെ എല്ലാം എന്റെ വീട്ടിലെ എന്നും പറഞ്ഞ് ടീച്ചറെ ഞാന്‍ പിന്നേയും  ഞെട്ടിച്ചു !
ഒരിക്കെ , ഒരു കുട്ടീടെ ‘ഹാപ്പി ബര്‍ത്ഡേക്ക്” കേക്ക് കൊണ്ടൂ വന്നത് ബാക്കിയായപ്പൊ ,  അതു ഞാനേറ്റെടുത്തു , എന്നിട്ട് ഞാന്‍ ഒറ്റക്ക്  ‘ പ്രൊജക്ട് ബാക്കി വന്ന കേക്ക് ‘ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോഴും  ടീച്ചറുടെ ഞെട്ടല്‍ തുടര്‍ന്നു. പക്ഷെ , ഉച്ചയൂണിന്റെ ചെറുപയര്‍ കൂട്ടാന്‍ കഴിച്ച്  “ വീട്ടില്‍ കാപ്പിക്കെന്താവും ?” എന്ന് ചിന്തിച്ചിരുന്ന എനിക്ക്   എന്റെ കുഞു വയറിലെ സമ്മര്‍ദ്ദം താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു . ക്ലാസ് റൂമില്‍ നിന്നും ‘മറ്റേ’  റൂമിലേക്കുള്ള ദൂരം അളന്നും , ക്ലാസിലെ ബെഞ്ചുകള്‍ക്കിടയില്ലൂടെ ഏതു ഷോര്‍ട്കട്ടീലൂടെ പോയാ‍ല്‍ , എത്രയും പെട്ടന്ന് ‘അവിടെ’ എത്താനാകും എന്നും ഞാന്‍ ബുദ്ധിപൂര്‍വം ചിന്തിച്ചു!...പക്ഷേ,  എന്റെ ചിന്തകളേക്കാള്‍ വേഗം ‘സങതിക്കു’ ഉണ്ടാ‍ായിരുന്നു.! ഒരു ദുര്‍ഭലനിമിഷത്തില്‍ സങതി ട്രൌസറിലെത്തി ...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ലാ , ഒരു താല്‍കാലിക ‘ഹേന്റ് ബ്രേക്ക്” ട്രൌസറിന്റെ പുറകില്‍ ഇട്ട ശേഷം ഒറ്റ വിടലായിരുന്നു...മറ്റോടത്തയ്ക് !! പക്ഷെ , ബേക് വ്യൂവില്‍ നിന്നും കാര്യം പിടികിട്ടിയവരുടെ ആഹ്ലാദപ്രകടനം ഓട്ടത്തിനിടക്ക് എനിക്ക് കേള്‍ക്കാമായിരുന്നു !

ഈ നിര്‍മല കോണ്വന്റിലെ സിസ്റ്റര്‍മാര്‍ക്ക്  ഞായറാഴ്ചകളില്‍ ഒരു വിനോദമുണ്ട് . അതായത് , അവരുടെ ക്ലസ്സുകളിലെ “ കണ്ണീലുണ്ണികളായ” പിള്ളേരുടെ വീട്ടില്‍ കേറിച്ചെന്ന് ചായയും കുടിച്ച്  ഇതേ പിള്ളേരെപ്പറ്റി ‘ഉള്ള’ പരാതികളും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുക ...ഇതന്നെ !

അങ്ങനെ ഒരു ദിവസം , കോഴികള്‍ പുറത്തില്ലെന്നു ഉറപ്പു വരുത്തി ഞാന്‍ വല്ലോരുടെയും പറമ്പീക്കൂടെ അങനെ നടക്കുമ്പോളാണ് ,....ദേ വേലീടെ അപ്പറത്തൂടെ രണ്ട് കന്യാസ്ത്രീ വേഷങ്ങള്‍ വരണു. ഇതു നേരത്തെ പറഞ്ഞ പരിപാടിക്കായിട്ട് ഇറങ്ങിയ ടീമുകളാണെന്ന് എനിക്ക് മനസ്സിലായീ. ഈശ്വരാ‍ാ‍ാ ,  ‘എന്റേത് ‘ , ‘എനിക്ക്’ , “ എന്റോടെ” എന്നെല്ലാം തുടങ്ങിയ വാചകങ്ങളില്‍ പറഞ്ഞ ‘സത്യങ്ങള്‍’ മുഴുവന്‍ ‘ദേ നുണകളായി‘ മാറാന്‍ പോണൂ! 

അച്ഛനും അമ്മേം എന്നെ അടിക്കാന്‍ ഓടിക്കുമ്പോ ഞാന്‍ ഒളിവില്‍ പോവാറുള്ള “ വയ്കോല്‍കൂനയില്‍ ഞാന്‍ അഭയം തേടി . താഴെക്കിടക്കുന്ന കോഴിക്കാട്ടത്തില്‍ ചവിട്ടി , വയ്ക്കോല്‍ മറയാക്കി ഞാന്‍ വീട്ടിലേക്ക് ഒളിഞ്ഞുനോക്കി. അതെ , ആ കന്യാസ്ത്രീകള്‍ വീട്ടിലേക്ക് കയറി . ബെസ്റ്റ് !...ഭാഗ്യത്തിന് അച്ഛന്‍ കുടുമ്മത്തില്ല. അമ്മേടെ ശബ്ദം കേള്‍ക്ക്ണ് ണ്ട്.  

നടാടെ , വീട്ടിലേക്ക്  കേറിവന്ന കന്യാസ്ത്രീകളെ അമ്മ  തൊഴുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യണ് ണ്ട് . ഇതിന്റെ വല്ല കാ‍ര്യണ്ടാ ?! ശോ , ഇപ്പൊ , എന്റെ വീട്ടിലെ ‘ ആക്ച്ച്വല്‍’   റ്റീ.വി , ഫ്രിഡ്ജ് , സോഫസെറ്റ് ഒക്കെ കണ്ട് അവര്  ഞെട്ടീക്കാ‍ണും. അവര് അമ്മയോട് ചോദിക്ക്യോ ആവോ  ? പിന്നെ, ട്രൌസറില്‍ ‘ഷിറ്റ്’ ഇട്ട സംഭവം എങാനും അവറ്റകള്‍ എഴുന്നള്ളീക്ക്യോ എന്തോ ? ,,ഹും...ഈ കോഴിക്കാട്ടത്തിന്റെ മണമാണെങ്കില്‍ ....അയ്യേ ,  വീട്ടിലെ കാര്യങ്ങള്‍ ആലോചിക്കണ റ്റെന്‍ഷനില്‍ താഴെക്കിടന്നതു മുഴുവന്‍ ചവിട്ടിക്കൂട്ടി ആകെ ‘ചപ്പിളിപിളി’ ആയീ! പുറത്തിറങ്ങാന്ന് വച്ചാ , ദേ നിക്കണൂ പണ്ട് ‘ഇഷ്യൂ’  ഇണ്ടായ  അതേ പൂവന്‍  ,  ഉമ്മറത്തു തന്നെ !

അങ്ങനെ കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം ആ രണ്ട് കന്യാസ്ത്രീരൂപങ്ങളും വീട്ടീന്നിറങ്ങി.      “ ഇടക്കു വരൂട്ടോ !” അമ്മ താണുകേണു പറയ്ണ്ട് . “ എന്ത് കാര്യത്തിന് ? “ - വയ്ക്കോല്‍കൂനയിലിരുന്ന് ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു.
അവര് റേഞ്ച് വിട്ടുപോയി എന്നുറപ്പ് വരുത്തിയിട്ട് ഞാന്‍ പതുക്കെ വീട്ടിലേക്ക് ചെന്നു . “എവട്യാര്‍ന്നൂടാ ?” അമ്മ . “ ഞാ‍ന്‍ കക്കൂസിലാര്‍ന്നു “ ഞാന്‍ വെറുതെ പറഞ്ഞു .
 “ ഹ ഹ , അവരും അതന്ന്യാ പറഞ്ഞേ !” അമ്മ .
“എന്തൂട്ട് ? “
“ നിങ്ങടെ  മോന്‍  സ്കൂളിലെത്ത്യാ കൂടുതലും കക്കൂസിലാ‍ന്ന് ! ”

....................... എനിക്ക് പെട്ടന്ന് പിന്നേം ‘പൂവാന്‍‘  മുട്ടി  !!

Thursday, March 4, 2010

ന്റെ കടിഞ്ഞൂല്‍ വിസാ യാത്ര !

തൃക്കൂരപ്പന്‍ സഹായിച്ച്  ഇങ്ങു ദുഫായില്‍ ജോലിതെണ്ടിക്കൊണ്ട് എനിക്കധികം നടക്കേണ്ടീവന്നില്ല.രണ്ടാമത്തെ ഇന്റര്‍വ്യുവില്‍ത്തന്നെ എനിക്ക് ‘ലോട്ടറിയടിച്ചു’. എന്റെ തടിമിടുക്കും ഗ്ലാമറും ( ‘വേണ്ടപ്പെട്ടവരുടെ റെക്കമെന്റേഷന്‍’ എന്നു ഈ കഴിവുകളെ ഇങ്ലീഷില്‍ വേണമെങ്കില്‍ വിളിക്കാം.) ലോക്കല്‍ അറബിയുടെ ഉടമസ്ഥതയിലുള്ള ഈ മഹത്തായ കമ്പനിയെ വല്ലാതെ ആകര്‍ഷിച്ചുവെന്നു തോന്നുന്നു. എങ്കിലും ‘വിസ’ എന്നു പറയുന്ന സങതി അടിച്ചു എന്നെ സ്ഥിരജോലികാരനാക്കാന്‍ എന്തോ മേനേജ്മെന്റിന് ഒരു പേടിയോ ആശങ്കയോ ഉള്ളതുപോലെ തോന്നി. എന്തു ചെയ്താലും ‘വിസ’ അടിക്കില്ല്യാന്നേയ് !  ഇനീപ്പോ , അറിഞ്ഞുകൊണ്ട് ‘അട്ടയെപിടിച്ച് മെത്തയില്‍കിടത്തണ്ടാ’ എന്ന പഴഞ്ചന്‍ ‘അറബിക് ‘ ചിന്തഗതികൊണ്ടാണോ ഇവര്‍ എന്നോടിങ്ങനെ പെരുമാറുന്നത് എന്നാര്‍ന്നൂ  എന്റെ സംശയം.


അതുകൊണ്ട് തന്നെ എന്റെ വിസിറ്റ് വിസാ കാലാവധിതീരാറവുമ്പോ കമ്പനി എന്നെ മറ്റൊരു വിസിറ്റ്വിസക്കായി  500 ദിര്‍ഹംസ്  ചിലവാക്കി  ‘കിഷ്’ എന്നറിയപ്പെടുന്ന ‘സുഖവാസം + വിസമാറല്‍ കേന്ദ്ര‘ത്തിലേക്ക് പറഞ്ഞുവിടും. വലിപ്പത്തില്‍ നമ്മടെ  മുകുന്ദപുരം താലൂക്കിന്റെ  വലിപ്പമുള്ളൂ ഈ ‘കിഷ്’ എന്നു പറയണ ദ്വീപിന് ! ഇറാന്റെ  ഭരണത്തിലുള്ള , പൂവാനും വരാനും വിസ എന്ന സാധനം ആവശ്യമില്ലാത്ത , ദിര്‍ഹംസ് കൊടുത്താല്‍ പതിനായിരക്കണക്കിനു ഉറുപ്പ്യേടെ ലോക്കല്‍ കറന്‍സി  ഒറ്റ നോട്ടായി കിട്ടുന്ന ,  ട്രാഫിക് സിഗ്നലുകള്‍ എന്ന സങ്ങതിയേ ഇല്ലാത്ത റോഡുകളുള്ള , നാട്ടൂകാരേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകളും ഷോപ്പിങ് മാളുകളുമുള്ള ‘കിഷ്’ എന്ന അല്‍ഭുതദ്വീപ് . ഇതൊന്നും നമ്മടെ ‘വിനയന്‍‘ സാറ് അറിയണ്ടാ...’ അല്‍ഭുതദ്വീപ് - പാര്‍ട്ട് 2 ‘ അങേരു എടുത്തുകളയും., ഒന്നാം പാര്‍ട്ട് തന്നെ അവസാനിപ്പിക്കാന്‍ ആളു പെട്ടപാട് ആ പടത്തിന്റെ ക്ലൈമാക്സ് കണ്ടവര്‍ക്കറിയാം...പാവം !

                        അങ്ങനെയുള്ള ‘കിഷി ഐലാന്റില്‍ രണ്ട് തവണ ‘വിസ മാറി വരാ‍ാനുള്ള  സൌഭാഗ്യം അടിയനു കിട്ടി (ഈശ്വരാ!).  ‘ആ ദിവസങ്ങളില്‍’ ..‘ഒരു ജാതി‘ ടെന്‍ഷനാര്‍ന്നൂ..... റെന്റിനെടുത്ത ബൈക്കിന്റെ കണ്ടീഷനിലുള്ള കുഞ്ഞു ഫ്ലൈറ്റാണ് കിഷിലോട്ട് ഷട്ടില്‍ സര്‍വീസ് നടത്തുന്നത്  , ഇതു സേഫായി കിഷിലെത്തുമോ ? മുകളിലെങ്ങാനും വെച്ച് ‘ഓഫായിപ്പോകുമോ ?ഇനിയിപ്പോ  അവിടെയെത്തിയാലും ഇറങ്ങാന്‍ നേരം ബ്രേക്ക് കിട്ടൂമോ ?  എനിക്കു തിരിച്ചു വരാന്‍   വിസ കിട്ടുമോ ? ..ഇങ്ങനെ ഒരോ ചിന്തകളാ !
                         അങ്ങനെ , അവസാനം ശല്യം സഹിക്കാന്‍ വയ്യാതെ  പണ്ടാരമടങ്ങാനായിട്ട് , ഇവനു  എമ്പ്ലോയ്മെന്റ് വിസ കൊടുത്തുകളയാം ‘ എന്നു കമ്പനി തിരുമാനിച്ചു . വീണ്ടൂമൊരു കിഷ്’ യാത്രക്ക് ഞാന്‍ ടെന്‍ഷനോടെ  തയ്യാറെടുത്തു. അപ്പോഴാണ്, മറ്റൊരു ഗുഡ്-ന്യൂസ്..  ഇത്തവണ ഖത്തറിലെ ദോഹയിലേക്കാണ് വിസമാറല്‍’ ചടങ്ങിനായി പോകേണ്ടത് . അതും ഖത്തര്‍ എയര്‍വേയ്സിന്റെ കിടിലന്‍ ബൊയിങ്ങ് ഫ്ലൈറ്റില്‍..അടിപൊളി ! ഹോ..ഏറ്റവുമടുത്ത ബാറ് പൊളിക്കാന്‍പോണെന്ന ദുഖവാര്‍ത്തക്ക് പിന്നാലെ ആ സ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്റെ ‘മാവേലി സ്റ്റൊര്‍’ വരാന്‍ പോണേന്ന വാര്‍ത്ത കേട്ടപോലെ !
 പി.ആര്‍.ഓ. അറബിയുടെ തിരക്കഥ പ്രകാരം  പരിപാടി ഇത്രയേയുള്ളൂ‍...രാവിലെ ഖത്തര്‍ എയര്‍വേയ്സില്‍ ദോഹക്ക് പോകുന്നു , എയര്‍പോര്‍ട്ടിലിറങ്ങുന്നു, അവിടെയിരിക്കുന്നു, നെക്സ്റ്റ് അവൈലബിള്‍ ഫ്ലൈറ്റില്‍ തിരിച്ചു ദുബായിലേക്ക് തെറിക്കുന്നു...ഇവിടെ എയര്‍പോര്‍ട്ടീല്‍ എന്നെ കാത്ത് എനിക്കുള്ള വിസ ഇരിപ്പുണ്ടാവും... സിമ്പിള്‍.  അങ്ങനെ രാവിലെത്തന്നെ ദുബായി ടെര്‍മിനല്‍ 1ല്‍ എത്തി ,  കമ്പനി കൊടുക്കുമെന്നുള്ളതുകൊണ്ട് മാത്രം 17 ദിര്‍ഹംസിന്റെ ഒരു ‘കയ്ക്കണ ‘ കാപ്പി കുടിച്ചു , ഒന്നും കൊടുക്കണ്ടാ എന്ന കാരണം ഫ്ലൈറ്റീന്ന് നല്ല ഫുഡും കഴിച്ചു.. പിന്നെ  ഫ്ലൈറ്റ് കേറി അരമണിക്കൂറ് കൊണ്ട് ദോഹയെത്തി,  അവിടെ ഇരിപ്പു തുടങ്ങി. കാരണം , ബുക്കും പേപ്പറുമില്ലാതെ എയര്‍പോര്‍ട്ടീന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല്യ,.അങ്ങനെ , വേറെ വഴിയൊന്നുമില്ലാത്തകൊണ്ട് , അവടെത്തന്നെ കുത്തിയിരുന്നു .                      
 തിരിച്ചു ദുബായിലോട്ടുള്ള വണ്ടി കിട്ടീയതു വൈകീട്ടാണ് . ഫ്ലൈറ്റ് ലാന്റ് ചെയ്തതും  ഓടിയിറങ്ങി എമിഗ്രേഷന്റേയും , കണ്ണ് മൂക്ക് ടെസ്റ്റിനു ശേഷം ‘എന്റെ വിസ’ വാങ്ങാനയി കളക്ഷന്‍ കൌണ്ടറിലെത്തി , ‘ ഒരു വിസ കിട്ടാന്‍ണ്ടാര്‍ന്നൂലോ “ എന്നു കൂളായി പറഞ്ഞു., അവിടെ നില്‍പ്പുണ്ടായിരുന്ന വെളുത്ത അറബിപ്പെണ്ണൂം ഒരു ചെക്കനും എന്തോ പറഞ്ഞ് ഒന്ന് ആക്കിച്ചിരിച്ചു. ‘ഹും , ഹു കെയേഴ്സ് ?’ ഞാനൊന്നും മൈന്റെ ചെയ്തില്ല , പാസ്പോറ്ട്ട് കൊടുത്തു , എന്റെ വിസ എടുക്കാനായിട്ട്. പക്ഷേ , അവിടെ കിട്ടിയിട്ടുള്ള വിസകളുടെ കെട്ട് നോക്കിയിട്ട്  ആ ഗെഡി പറയ്യാ ..” നൊ വിസാ ഫോര്‍ യൂ ഹിയര്‍ !” . ആകെ തളര്‍ന്നു പോയ എന്നോട് ലവന്‍ പറഞ്ഞ്ഞൂ അവിടെയെവടെയെങ്കിലും പോയിരിക്ക്യാന്‍ , കുറച്ചു കഴിഞ്ഞ് നോക്കാം...കിട്ട്യ്യാ കിട്ടി..അത്രന്നെ !
                                              ഓഫീസിലെ പി.ആര്‍.ഓ. പുല്ലനെ വിളിച്ചിട്ട് കിട്ടണില്ല. അങ്ങനെ ആറാട്ട്പുഴപൂരത്തിന് തേവരുടെ വരവും കാത്ത് പൂരപ്പാ‍ടത്തിരിക്കുമ്പോലെ ഞാന്‍ എന്റെ വിസയെയും കാത്ത്  അവിടെത്തന്നെ ഇരിപ്പായി. എനിക്കു ശേഷം പലരും വന്നു , അവരുടെ വിസയും കൊണ്ട് പോയി , എന്റെ മാത്രം , ‘വിസ’ പോയിട്ട് ഒരു ‘വി’ പോലും വന്നില്ല. രാത്രിയായപ്പൊ , ഒരാള്‍ വന്ന് എന്നെപ്പോലെ അവിടെ ഇരിപ്പുണ്ടായിരുന്ന ചിലരോട് ആളുടെ കൂടെ വരിയായി’ ചെല്ലാന്‍ പറഞ്ഞു . എല്ലാരേയുംകൂടി ഒരു കൌണ്ടറിലെത്തിച്ചു , എന്തോ ഭാഗ്യത്തിനാണ് എനിക്ക് ബോസിനെ വിളിക്കാന്‍ തോന്നിയത് . ‘ആ വരി പിശകാ മോനേ , നീ സ്കൂട്ടായിക്കോ “ എന്നാണ് ആള്‍ പറഞ്ഞത്. വിസയില്ലാതെ ഇരിക്കുന്നവന്മാരെ തിരിച്ചു കയറ്റിവിടല്‍ ചടങ്ങായിരുന്നൂ അത് ! കിട്ടാവുന്ന സ്പീഡില്‍ അവിടന്നു തെറിച്ച ഞാന്‍ പിന്നെ അവിടെ സ്ഥലങ്ങള്‍ മാറിയിരുന്നും , ചെക്കിങ്ങിന് ആള്‍ വരുമ്പോള്‍ ബാത്രൂമില്‍ കയറിയും  ‘ട്രന്‍സിറ്റ് ‘ ഏരിയായില്‍ ഒരു കടപോലും ഇല്ലാത്തതിനാല്‍ ചില്ലറപൈസ ഇടുമ്പോ ചൊക്ലേറ്റ് മാത്രം വരുന്ന ഓടോമാറ്റിക് മെഷീനില്‍നിന്നും ‘ഫുഡും’ കഴിച്ച്  ആ രാത്രി അങ്ങ് അഡ്ജസ്റ്റ് ചെയ്തു.  ഇതിനെല്ലാം കാരണക്കാരനയ എന്റെ പ്രിയപ്പെട്ട പ്.ആര്‍.ഓ.ക്കും കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാനും മറന്നില്ല !
                                                          പിറ്റേന്ന് രാവിലെ വീണ്ടൂം വിളിച്ചപ്പോ , കുറച്ച് ടെന്‍ഷനോടെ  ചുള്ളന്‍ പറയാ , “ ഓ , ഐ ഫോര്‍ഗോട്ട് മൈ ഫ്രണ്ട്  ‘ എന്ന് . “ ഇറ്റ്സ് ആള്‍ റൈറ്റ് സാര്‍ , നായിന്റെ മോനെ’ എന്നും പറഞ്ഞ്  ഞാന്‍  പെട്ടന്ന് വിസായിടാന്‍ ലവനോട് അഭ്യര്‍ഥിച്ചു. കുറേ സമയത്തിനു ശേഷം കമ്പനിയിലെ ഡ്രൈവര്‍ രഞ്ജിത്ത് വിളിച്ചു പറഞ്ഞു , ‘ ഗഡീ , സങ്ങതി ഇട്ട്ണ്ട് ട്ടാ!” .     അങ്ങനെ  ഉച്ചയോട് കൂടി  വിസായും വാങ്ങി  ക്ലിയറന്‍സും കഴിഞ്ഞ് , ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയേപ്പോലെ , എമ്പ്ലോയ്മെന്റ് വിസായുമായി അവസാനം ഞാന്‍ പുറത്തിറങ്ങി , ഡ്യൂട്ട്ഫ്രീയില്‍ നിന്നും വാങ്ങിയ  റൂമിലെ ചാത്തന്മാര്‍ക്കുള്ള ‘വഴിപാടു‘മായി.

പുറത്ത് വണ്ടിയുമായി കാത്തു നിന്ന ലവനോട് ഒരു വാക്കും മിണ്ടാതെ ഞാന്‍ നേരെ വണ്ടീക്കകത്ത് കേറിയിരുന്നു . അപ്പോ അവന്റെ വക ചോദ്യം , “ എന്തൂട്ട ഗഡ്യേ , ഖത്തര്‍ വരെ പോയതിന്  ഒരു ജാതി റോള് ? “ ...സത്യായിട്ടൂം ഞാന്‍ ഒന്നും മിണ്ടീല്ല്യ....ഒരു  തെറിവാക്ക് പോലും ! 
                                                        -----------------------------------------------------------
                                       

Thursday, February 25, 2010

സച്ചിനെതിരെയും സുകുമാരന്‍ !


“ എന്നോട് വേണ്ടാ , ഈ അഹങ്കാരത്തിന്റെ ഇന്നിങ്ങ്സ് “ - 
സുകുമാരന്‍ അന്തിക്കാട്  ( ‘സാംസ്കാരിക നായകന്‍ & ബുദ്ധിജീവി ‘ ..രണ്ടും ! )
---------------------------------------------------------------------------------------------------

‘സൂപ്പര്‍സ്റ്റാറുകള്‍‘ എന്നു ബുദ്ധിയും വിവേകവുമില്ലാത്ത  ജനങ്ങള്‍ വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്ന രണ്ട് ‘മനുഷ്യരെ’ ഞാന്‍  എന്റെ വാക്സാമര്‍ഥ്യം കൊണ്ട്  നിഷ്പ്രഭമാക്കിയ കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ! അപ്പോഴാണ്   ‘സച്ചിന്‍’ എന്ന മറ്റൊരു  പയ്യന്‍ എന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്. ഇന്നലെ അവന്‍ ക്രിക്കറ്റ് എന്നു പറയുന്ന , മുതലാളിത്തത്തിന്റെ കളിയില്‍ 200 റണ്‍സ്  അടിച്ചിരിക്കുന്നുവത്രേ! ഇത് എനിക്കു നേരെയുള്ള ഒരു കായികവും സാംസ്കാരികവുമായ ഒരു ആക്രമണമായേ എനിക്ക് വീക്ഷിക്കന്‍ കഴിയൂ! ഈ പയ്യന്‍ എന്തിനു ഈ നടന്മാരുടെ പക്ഷം പിടിച്ചു എന്നോടെതിര്‍ക്കാന്‍ വരുന്നൂ , എന്നാണ് എനിക്കു മനസ്സിലാകാത്തത് !  എന്നെപ്പോലൊരു ബുദ്ധിജീവിയെ എതിര്‍ക്കാനുള്ള അറിവും , സാഹിത്യവും ഈ ചെക്കനുണ്ടോ ? എന്നെപ്പറ്റി ഇവനെന്തറിയാം ? നാല്‍പ്പതോളം മഹത്തായ പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട് . പക്ഷേ , പുരസ്കാരങ്ങളും മറ്റും എനിക്ക് താല്പര്യമില്ല. , അതുകൊണ്ടാവാം , ഇതൊന്നും ഒരുത്തനും വായിക്കാതേയും അറിയാതേയും പോയത്.  എന്റെ ഈ പുസ്തകങ്ങള്‍ ഇല്ലയിരുന്നുവെങ്കില്‍ ഈ നാടിന്റേയും സമൂഹത്തിന്റേയും ഗതിയെന്താകുമായിരുന്നൂ , എന്നാലോചിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു .
                                       ഹും..ഇന്നലെ കളി കഴിഞ്ഞുള്ള ഇടവേളയില്‍ അവന്‍ എന്നെ വിളിച്ചിരിക്കുന്നു., എന്നിട്ട് മലയാളമല്ലാത്ത ഏതോ ഒരു ഭാഷയില്‍ എന്നെ അപമാനിക്കുന്ന രീതിയില്‍ , എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. ഇതു ‘തിലകന്‍’ വിഷയത്തില്‍ എന്നെപ്പോലൊരു ഭയങ്കരന്‍ ഇടപെട്ടതിന്റെ ഒരു പ്രതികാരമെന്നാണ് ഞാന്‍ വീക്ഷിക്കുന്നത്. ലാലിനേയും മമ്മൂട്ടിയേയ്യും പോലെ സച്ചിനേയും തിലകന്റെ സാന്നിദ്ധ്യം ഭയപ്പെടുത്തിയിരുന്നൂ..എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് .
                               ഈ പയ്യനു ധൈര്യമുണ്ടെങ്കില്‍ എന്റെ വീടിന്റെ കോലായിലോ വടക്കേപറമ്പിലോ വരട്ടേ , എന്നെ നേരിടാനുള്ള മനസ്സാനിദ്ധ്യവും വിവേകവും  നേടിയതിന്ശേഷം.
 ഇവനൊറു പേടിച്ചുതൂറിയാണെന്ന് എനിക്കറിയാം. അല്ലെങ്കില്‍ എതിനാണ് ഈ ചെറിയ പേരക്കാ വലിപ്പമുള്ള  പന്തുകളെ നേരിടാ‍ന്‍ ഒരു ഹെല്‍മറ്റും  കയ്യിലും കാലില്‍ വെച്ചുകെട്ടൂമായി ഇറങ്ങിപ്പുറപ്പെടുന്നത് ?ഒരു വലിയ കടല്‍ ഇളകിവന്നാലും എന്റെ അറിവും കഴിവും പിന്നെ പൊന്നുപോലത്തെ എന്റെ നാക്കും കൊണ്ട് ഞാന്‍ നേരിടും , അതിനുള്ള തന്റേടം എനിക്കുണ്ട്. സംശയമുണ്ടെങ്കില്‍ ഒരു മഹാസാഗരം തന്നെ വരട്ടേ എന്റെ വീട്ടുമുറ്റത്തേക്ക് .
                                 അതിഥികളോട് പെരുമാറാനുള്ള മര്യാദയും വിനയവും ഉണ്ടോ ഈ ചെക്കന് ? ഇന്നലെത്തന്നെ , നിങ്ങള്‍ നോക്കൂ , നമ്മുടെ നാട്ടിലേക്ക്,  ഒരുകാലത്ത് തൊഴിലാളികളും കറുത്തവര്‍ഗ്ഗക്കാരും  അടിച്ചമര്‍ത്തപ്പെട്ട  ദക്ഷിണാഫ്രിക്കയില്‍നിന്നും  വന്ന ഒരു പറ്റം ചെറുപ്പക്കാരെ ഒരു ദയ-ദാക്ഷീണ്യവുമില്ലതെയല്ലേ ഈ അഹങ്കാരിപ്പയ്യനും സംഘവും ചേര്‍ന്ന് പരാജയപ്പെടുത്തി അപമാനിച്ചത് ? ഈ വിജയം മുതലാളിത്തവും ക്യാപിറ്റലിസവും ചേര്‍ന്ന് സോഷ്യലിസത്തിന് നേരെ നടത്തിയ ഒരാക്രമണമാണ്. എന്നിട്ട് ഇതഘോഷിക്കുന്നു , ചില ബുദ്ധിയില്ലാത്ത ക്രിക്കറ്റ്ഭ്രാന്തന്മാര്‍ .  ലാലിനോടും മമ്മൂട്ടിയോടും  പറഞ്ഞതുപോലെ ഈ ക്രിക്കറ്റ്കളി ഈ വര്‍ഷത്തോടെ നിര്‍ത്താന്‍  ഞാനിതാ സച്ചിനോട് ആഞ്ജാപിക്കുന്നു !
                            ഇത്തിരി കടുപ്പമാണെങ്കിലും എനിക്കിതു ചെയ്യാതെ വയ്യാ, കാരണം ഈ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിയ്കാണല്ലോ! എന്നാലും നിങ്ങള്‍ ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടേയും  അന്ധകാരത്തില്‍ ഒറ്റപ്പെടുമോയെന്ന് ആശങ്കപ്പെടേണ്ടതില്ല.കാരണം ഞാന്‍ തിരുമാനിച്ചുറപ്പിച്ച് ഇറങ്ങിക്കഴിഞ്ഞു...ഈ സമൂഹത്തെ ശുദ്ദീകരിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളൂ. കയ്യില്‍ കാശുള്ളവരെ എനിക്കു വെറുപ്പാണ്..അറപ്പാണ് . അതിനി ലാലായാലും ,മമ്മൂട്ടിയായാലും , ഈ ‘കൊച്ചന്‍’ സച്ചിനായാലും ...ഇവരൊന്നും എനിക്ക് ഒരു ഇരയേയല്ല ! ഞാനാണ് ഈ സമൂഹത്തിലെ എല്ല പ്രശ്നങ്ങളും പരിഹരിക്കുന്ന പുലി. എനിക്കു പിടിക്കാത്ത ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല.  എനിക്കു തോന്നിയതൊക്കെ ഞാന്‍ എഴുതും,  വായില്‍ തോന്നിയതൊക്കെ പറയും , എനിക്കതിനുള്ള അവകാശമുണ്ട്, ..കാരണം ഞാന്‍ നാല്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ,  7500 വേദികളില്  ഞാന്‍ പ്രസംഗിച്ചിട്ടുണ്ട് .  ഞാന്‍ പറയുന്നത് സമ്മതിക്കാന്‍ മനസ്സില്ലത്തവര്‍ക്ക് ഈ സമൂഹം വിട്ട് പുറത്ത് പോകാവുന്നതാണ് , കാരണം ഞാനാണിവിടുത്തെ സമൂഹ്യ-സാംസ്കാരിക നായകന്‍ !

( ഈ എഴുതിയതിന്റെ  കാശ് എത്രയാണെന്നുവെച്ചാ , എന്റെ വീട്ടിലേക്ക് മണിഓര്‍ഡറായി അയച്ചാല്‍ മതി , ഞാന്‍ നേരിട്ട് വാങ്ങുന്നത് നിര്‍ത്തി. .  കാരണം , ചില  കാപാലികര്‍ പറയുന്നൂ , ഞാന്‍ കൂലിക്ക് പ്രസംഗിക്കാന്‍ പോകുന്നവനാണെന്ന് ..  ദ്രോഹികള്‍ ! )